Skip to main content

ദുരിതമീ യാത്ര

കൊച്ചിയിലെ സ്കാനിങ്ങ് സെന്റർ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നു. വെയിലും മഴയുമൊന്നും അവന്റെ പ്രൗഢിക്ക് ഇതുവരെ ഭംഗം വരുത്തിയില്ല. ലക്ഷദ്വീപുകാരന്റെ ദുരിതയാത്രയിൽ ഒരു വില്ലന്റെ പരിവേഷമുണ്ട് ഈ സമുച്ചയത്തിന് .ദ്വീപുകാരന്റെ കണ്ണുനീരിൽ കുതിർന്ന മണ്ണിൽ ചവിട്ടി പ്രതീക്ഷയുടെ കണ്ണുമായി സ്കാനിങ്ങിന്റെ വിശാലമായ മുറിക്കകത്തേക്ക് നോക്കി. ഒരു പാട് പേർ തലങ്ങും വിലങ്ങും ഓടുന്നു. അവരിൽ പലരുടേയും മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. പലരും അടുത്തറിയുന്നവർ, പരിചിതർ. എന്താണ് ഇത്ര തിരക്ക് എന്ന എന്റെ ചോദ്യത്തിന് അവർ കണ്ണുകൾ കൊണ്ട് മറുപടി പറഞ്ഞു. അവരുടെ മുഖത്തിൽ മിന്നി മറിഞ്ഞ ഭാവങ്ങളിൽ നിന്നും എന്റെ ഉത്തരം കണ്ടെത്തി.സ്കാനിങ്ങിന്റെ ഒരറ്റത്ത് ചില്ലുകൊണ്ട് മേഞ്ഞ ഒരു ഒറ്റമുറിക്കകത്ത് കമ്പ്യൂട്ടറിൽ വിരല് കുത്തിക്കളിക്കുന്ന ഒരു സർക്കാർ ജീവനക്കാരനെ കണ്ടു. അയാളുടെ നേർക്ക് കുറേ കൈകൾ പ്രതീക്ഷയോടെ ആരൊക്കെയോ നീട്ടുന്നു. ടിക്കറ്റ് കിട്ടാത്തവരും ടിക്കറ്റിൽ പേര് മാറിയവരും ആ കൂട്ടത്തിലുണ്ട്. യുദ്ധഭൂമിയിൽ നിന്നും സർവ്വവും ഉപേക്ഷിച്ച് വന്ന അഭയാർത്തികൾ വിശപ്പടക്കാൻ അപ്പക്കഷ്ണത്തിന് വേണ്ടിയാജിക്കുന്നത് ഓർമ്മപ്പെടുത്തുന്നു ഈ രംഗം. കമ്പ്യൂട്ടർ വിദഗ്ദ്ധൻ യാചകരോട് ഓർമ്മപ്പെടുത്തി ടിക്കറ്റ് ഫുൾ നോ രക്ഷ. മുഖത്തോട് മുഖം നോക്കി കണ്ണുകൾ കൊണ്ട് കഥ പറയാൻ നിൽക്കാതെ അവർ അകത്തേ വിശാലമായ ഹാളിലേക്ക് നടന്നു. അളിയാ കിട്ടിയാ? ടിക്കറ്റ് നേരത്തേ തരപ്പെടുത്തിയ സുഹൃത്തിന്റെ വക ഒരു ചോദ്യം. ഹും ടിക്കറ്റ് പകുതിയുത്തരം വിഴുങ്ങി ആരോടൊക്കെയോ തന്നെ സലാമത്താക്കാൻ കേണപേക്ഷിച്ചു.പ്രതീക്ഷയുടെ എല്ലാ വാതിലുകളും അവന്റെ മുന്നിലടഞ്ഞു. ടിക്കറ്റുകാരിൽ അവസാനത്തേയാളും സുരക്ഷാ പരിശോധനക്കായി പോകുന്നത് കണ്ണുകൾ തുടച്ച് അവൻ കണ്ടു.മഹ്ഷറാ സഭയിൽ നന്മതിന്മകൾ തൂക്കി നോക്കി നന്മയിൽ മുന്തിനിന്നവർ സ്വർഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും പോകുമെന്ന മതപ്രഭാഷകന്റെ വാക്ക് ഓർമ്മ വരുന്നു. ടിക്കറ്റുള്ളവൻ കപ്പലിലേക്കും അല്ലാത്തവൻ തിരിച്ച് മഹാനഗരത്തിന്റെ ചതിക്കുഴിയിലേക്കും പോകാം. മഴ കൊതിച്ചെത്തിയ വേഴാമ്പലിനേപ്പോലെ ടിക്കറ്റ് കൊതിച്ചെത്തിയ ഹതഭാഗ്യൻ തന്റെ തോളിലേക്ക് ഒന്നുകൂടി ഭാരത്തിന്റെ ആ ബാണ്ഡക്കെട്ട് എടുത്തു വെച്ചു.പൊക്കിളിന്റേയും മുട്ടിന്റേയും ഇടയിൽ ഏച്ചുകെട്ടിയ സഞ്ചാരിക്കൂട്ടവുമായി ഗമയോടെ വരുന്ന ദ്വീപുകാരനെ നിറകണ്ണുകളോടെ നോക്കി നിന്നുപോയ്.രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജനിച്ചവർ ,പല വേഷവും ധരിക്കുന്നവർ ഇവിടെ എന്റെ കൺമുന്നിൽ.അവർക്ക് ഒരു തടസ്സവുമില്ല. സമയവും ഊർജ്ജവും അവന് നഷ്ടമായില്ല. വന്നിറങ്ങിയ സഞ്ചാരിക്ക് ടിക്കറ്റ് റെഡി. ദ്വീപിന്റെ കടലിലെ അത്ഭുതങ്ങൾ തേടി ഊളിയിടുന്ന സഞ്ചാരികൾക്ക് മഞ്ഞാൻ കൂട്ടവും ഫക്കിക്കദിയയും നല്ലൊരു വിരുന്നൊരുക്കും. നീ ദ്വീപിലെത്തിയില്ലെങ്കിലെന്ത്.അവർ നീന്തിത്തുടിക്കട്ടെ .ദ്വീപുകാരാ പരാതിയോ പരിഭവമോ അരുത്. നാം ദുരിതസാഗരത്തിൽ പെട്ടു പോയവർ മാത്രം. വമ്പൻ സ്രാവുകൾക്ക് ഭക്ഷണമാവാതിരിക്കാൻ നീ സ്വയം ഒരു സുരക്ഷാവലയം തീർക്കുക. മരുഭൂമിയിലെ ഒരു മരീചിക പോലെ മെല്ലെയെങ്കിലും പ്രതീക്ഷിക്കാം ഒരുനാൾ ആർക്ക് മുമ്പിലും കൈ നീട്ടാതെ ഉറ്റവർക്കരികിലേക്ക് സങ്കോചമില്ലാതെ നമുക്കും യാത്ര തിരിക്കാമെന്ന്. ടിക്കറ്റ് കിട്ടിയവർക്ക് ശുഭയാത്ര നേരുന്നു.
                  അബ്ദുൽ റസാഖ് പുതിയപുര

Comments

Popular posts from this blog

ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. )
വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു.
ഡ്രൈ …

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .
  അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ മുഹമ്മദ്‌ ഖാസിം എന്ന  ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

ലഹരി വിരുദ്ധ വികാരം ശക്തമാകുന്നു

കൊച്ചി : 14.10.2017:   മഹാ വിപത്തായ ലഹരി ഉപയോഗം ലക്ഷദ്വീപിലും കൂടിവരുന്നതായി റിപ്പോർട്ട് .. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്യവും കഞ്ചാവുമായി ദ്വീപ് സ്വദേശികൾ കവരത്തിയിൽ പിടിയിലായതോടെ ലഹരിക്കെതിരെ പൊതുജന വികാരം ശക്തിപ്പെട്ടിരിക്കുന്നു .. നിലവിലെ നിയമ പ്രകാരം ബംഗാരം ഒഴികെ ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും മദ്യ നിരോധിത മേഖലയാണ് .എന്നാൽ വൻകരയിൽ നിന്നും കപ്പലും മഞ്ജുവും വഴി മദ്യവും ലഹരി വസ്തുക്കളും ലക്ഷദ്വീപിലേക്ക് കടത്തുന്നതായി പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ദ്വീപുകാർ ആരോപിക്കുന്നു .. ലക്ഷദ്വീപുകാരായ സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ലഹരി വിരുദ്ധ സമിതി 08.10.2017 ഞായറാഴ്ച കൊച്ചി ഗാന്ധി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ ലഹരി ഉപയോഗ വിഷയത്തെ സംബന്ധിച്ചും അത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയുണ്ടായി .. ലഹരി ലക്ഷദ്വീപിലേക്ക് ഒഴുകുന്ന വഴികൾ തടയാൻ അധികാരികളെ സമീപിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ദ്വീപുകളിൽ നടത്താനും തീരുമാനമായി. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ നേതാക്കൾ …