Monday, June 10, 2019

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...അത്ര ചെറിയ പ്രദേശമാണോ ലക്ഷദ്വീപ്??
അല്ലെന്ന് പറയാം...
ലക്ഷദ്വീപ് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും കൂടി അതായത് വടക്കേ അറ്റത്തുള്ള ദ്വീപിൽ നിന്നും തെക്കേ അറ്റത്തുള്ള ദ്വീപ് വരെ കപ്പലിൽ യാത്ര പോവുകയാണെങ്കിൽ ഏകദേശം ഇരുന്നൂറോളം നൗട്ടിക്കൽ മൈൽ അഥവാ കരയിലെ നാന്നൂറോളം കിലോമീറ്റർ യാത്ര ചെയ്യണം.. കേരളത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ പോവാനുള്ള ഏകദേശ ദൂരം.. കിഴക്ക് ഭാഗത്തുള്ള ദ്വീപിൽ നിന്നും പടിഞ്ഞാറു അറ്റത്തുള്ള ദ്വീപിൽ പോവാൻ അതെപോലെ തന്നെ ഏകദേശം 200 ഓളം കിലോമീറ്റർ യാത്ര കടലിൽ ചെയ്യണം.. ഇനി ഇന്ത്യൻ വൻകരയിൽ നിന്നും ഏറ്റവും അടുത്തുള്ള ദ്വീപിൽ എത്താൻ ചെയ്യേണ്ടതും 230 കിലോമീറ്റർ വരുന്ന കപ്പൽ യാത്ര.. 
ജനവാസമുള്ളതും ഇല്ലാത്തതും കൂടി 36 ഓളം ചെറു ദ്വീപുകൾ.. അവക്കിടയിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട കടൽ ദൂരം.. 
ഇനി ഗതാഗത സംവിധാനത്തിലേക്ക് നോക്കിയാൽ പല സൈസ് യാത്ര കപ്പലുകൾ 15 എണ്ണം എങ്കിലും വരും.. ചരക്ക് കപ്പലുകൾ 8 എണ്ണം.. ടഗ്ഗ് ആയി 2 എണ്ണം.. ഇരുപത്തഞ്ചോളം കപ്പലുകളുടെ നടത്തിപ്പ് കാരാണ് ലക്ഷദ്വീപ് തുറമുഘ വകുപ്പ്.. തുറമുഖ വകുപ്പിന് വേണ്ടി കപ്പലുകളുടെ സാങ്കേതികമായ നടത്തിപ്പ്‌ ഏറ്റെടുത്തിരിക്കുന്നത് എൽ ഡി സി എലും.. 
അങ്ങനെ നോക്കിയാൽ ലക്ഷദ്വീപ് അത്ര ചെറുത് അല്ലെന്ന് തന്നെ പറയേണ്ടി വരും.. 
ലക്ഷദ്വീപിനെ ചെറുതാക്കുന്നതു ഓരോ ദ്വീപിന്റെയും കരഭാഗ വിസ്തീർണ്ണം മാത്രം കൂട്ടി കൂട്ടി 32 സ്‌ക്വയർ കിലോമീറ്റർ മാത്രം ഉള്ള പ്രദേശം എന്ന് ചിന്തിക്കുമ്പോൾ ആണ്.. അല്ലെങ്കിൽ എഴുപതിനായിരം കടക്കാത്ത മൊത്തം ജനസംഖ്യ ആയിരിക്കും... 
പക്ഷേ തദ്ദേശ സ്വയം ഭരണ സംവിധാനത്തിൽ ഇത്രയും വിശാലമായ പ്രദേശത്തെ ഒറ്റ ജില്ല പഞ്ചായത്തിൽ ഒതുക്കി കളഞ്ഞത് എന്തിനാണെന്ന് മനസ്സിൽ ആവുന്നില്ല.. അതും തലസ്ഥാനത്തിൽ ഒതുങ്ങി കിടക്കുന്നു... മറ്റു ദ്വീപുകളിൽ ഭരണ മികവും മറ്റു സൗകര്യങ്ങളും എത്തുന്നില്ല.. വിശാലമായി ചിതറി കിടക്കുന്ന ദ്വീപുകൾ ചുരുങ്ങിയത് മൂന്നു ജില്ല പഞ്ചായത്ത്‌ ആക്കിയെങ്കിലും മാറ്റണം.. കവരത്തി കോർപറേഷൻ ആയും... സാങ്കേതികമായി നടക്കാത്ത കാര്യം ആണെങ്കിലും അങ്ങനെ ആണെങ്കിൽ വികസനം കുറച്ചു കൂടെ നന്നായി മറ്റു ദ്വീപുകളിൽ എത്തിക്കാൻ കഴിയും.. ഡിപ്പാർട്മെന്റ് മെന്റ് ഹെഡുകൾ കുറഞ്ഞതെങ്കിലും മറ്റു ദ്വീപുകളിൽ കൊണ്ട് വരണം. വികസനങ്ങൾ തലസ്ഥാന ദ്വീപിൽ മാത്രം ഒതുങ്ങുന്നു എന്ന പരാതി ഒഴിവാക്കി എല്ലാ ദ്വീപുകളെയും ഒരു പോലെ ഉയർത്തി കൊണ്ട് വരണം.. 
ഗതാഗത രംഗം പരിഷ്കരിക്കേണ്ട കാലം കഴിഞ്ഞു.. തുറമുഖ വകുപ്പ് തലപ്പത്തു നിന്നും ഐ എ എസ് കാരെ മാറ്റി ലക്ഷദ്വീപ് സെക്ടർ സ്വഭാവം അറിയുന്ന മികച്ച ക്യാപ്റ്റൻ മാരെ നിയോഗിക്കേണ്ടിയിരിക്കുന്നു. 
ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ അടുപ്പിക്കുന്നത് ഇപ്പോൾ സ്ഥിരമായിരിക്കെ പരിഷ്‌കാരങ്ങൾ അവിടെയും വേണം.. ഈസ്റ്റേൺ ജെട്ടി ഉള്ള ഓരോ ദ്വീപിലും കപ്പലുകൾ അടുപ്പിക്കുമ്പോൾ സഹായത്തിനു ടഗ്ഗുകൾ ഉണ്ടായിരിക്കണം.. അല്ലെങ്കിൽ ടഗ്ഗുകൾ നിർബന്ധമായും ഉണ്ടായിരിക്കണം.. കൊച്ചി കായലിൽ കപ്പൽ അടുപ്പിക്കുമ്പോൾ ടഗ്ഗു ഉണ്ടാവുന്ന പോലെ ആഴ കടലിലേക്ക് തുറന്ന് കിടക്കുന്ന നമ്മുടെ ജെട്ടികളിൽ കപ്പൽ അടുപ്പിക്കുമ്പോളും ടഗ്ഗ് ആവശ്യം ആണ്.. അതാണ് സുരക്ഷിതമായ വഴി.. അല്ലാതെ ക്യാപ്റ്റന്റെ കഴിവ് മാത്രം നോക്കി ചെയ്യേണ്ടതോ കാറ്റിന്റെയും കടലിന്റെയും ഗതി അപ്രതീക്ഷിതമായി മാറുമ്പോൾ കപ്പൽ അടുപ്പിക്കാൻ പ്രയാസം വരുമ്പോൾ നാട്ടുകാരുടെ കൂവൽ കേട്ടു ചെയ്യേണ്ട ഒന്നല്ല ബെർത്തിങ്... 
അടുത്ത കാര്യം പോർട്ടും കപ്പലുകളും തമ്മിൽ നിരന്തരമായി ബന്ധപ്പെടാനുള്ള വാർത്താ വിനിമയ മാർഗങ്ങൾ ഉറപ്പു വരുത്തുക എന്നാണ്.. അതിനായി പത്തു ദ്വീപിലും ഉള്ള കണ്ട്രോൾ ടവർ കളുടെ പങ്കു വലുതാണ്.. അപകടാവസ്ഥകളിൽ ഓരോ മിനിറ്റുകളുടെ പോലും വില കടലിൽ വലുതാണ്.. കപ്പലുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടാൻ ഉള്ള സംവിധാനങ്ങൾ കപ്പലിൽ ഉണ്ടെങ്കിലും കപ്പലും പോർട്ടും തമ്മിൽ VHF റേഞ്ചിന് (20-50NM) അപ്പുറത്തേക്ക് ബന്ധപ്പെടുവാൻ നിലവിൽ കഴിയുന്നില്ല എന്ന് വേണം പറയാൻ. നേരത്തെ ഏതെങ്കിലും ഒരു ടവറിൽ എങ്കിലും 24 മണിക്കൂറിനിടെ ഇപ്പോൾ വേണമെങ്കിലും എത്ര ദൂരത്തു നിന്നു വേണമെങ്കിൽ പോലും ബന്ധപ്പെടാൻ ഉള്ള സംവിധാനം എന്തോ ചില കാരണങ്ങൾ കൊണ്ട് പ്രവർത്തന രഹിതം ആണ്.. 25 കപ്പലുകളുടെ സുരക്ഷയെ കരുതിയും കപ്പലിലെ ജീവനക്കാരുടെ സുരക്ഷയെ കരുതിയും MFHF പോലുള്ള സംവിധാനങ്ങളുടെ സേവനം പോർട്ടും ടവറും ഉറപ്പ് വരുത്തേണ്ടതുണ്ട്.. 24 മണിക്കൂർ കപ്പലുകളെ നിരന്തരം മോണിറ്റർ ചെയ്യുന്ന കപ്പലുകളുമായി ഏതു ദൂരത്തു നിന്നും കമ്മ്യൂണിക്കേഷൻ നടത്താവുന്ന ഒരു ടവർ എങ്കിലും പൂർണ സജ്ജമായി ലക്ഷദ്വീപിൽ ഏതെങ്കിലും ഒരു ദ്വീപിൽ വേണം. പറ്റുമെങ്കിൽ ഓരോ ടവറിലും.. മൊബൈൽ ഫോൺ ഉണ്ടെന്ന പ്രതീക്ഷകളിൽ അഭിരമിക്കരുത്.. കാറ്റ് വന്നാലും കറന്റ് പോയാലും മൊബൈൽ റേഞ്ച് ഇല്ലാതാവുമ്പോൾ ദ്വീപുകളുമായി സംവദിക്കാനുള്ള ഏക മാർഗമായ MF/HF പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു..
(തടരും )

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...

Saturday, March 23, 2019

ലക്ഷദ്വീപിനായി 700 മെട്രിക് ഠൻ കപ്പാസിറ്റി ഉള്ള ഓയിൽ ടാങ്കർ. ഗോവയിലെ ഷിപ്‌ യാർഡിൽ രണ്ടാം ഘട്ട നിർമാണം പൂർത്തിയാവുന്നു.

23.03.19:ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലേക്ക് പുതിയ ഒരാൾ കൂടി. 700 മെട്രിക് ട്ടണ് കപ്പാസിറ്റി ഉള്ള എണ്ണ കപ്പൽ നിർമ്മാണം പുരോഗമിക്കുന്നു. ഗോവയിലെ വിജയ് മറൈൻ ഷിപ്‌യാർഡിൽ ആണു നിർമ്മാണം. 2018 ജൂണിൽ കൊടുത്ത കരാർ പ്രകാരം ആണ് കപ്പൽ നിർമ്മിക്കുന്നത്. നിലവിൽ രണ്ടാമത്തെ ഘട്ടം പൂർത്തിയായതായി ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് സാക്ഷ്യപ്പെടുത്തുന്നു. കപ്പലിന്റെ കീൽ ഇട്ടതായും കീലിനോടൊപ്പം 25% ത്തോളം സ്റ്റീൽ ഘടന പൂർത്തിയായതായി പരിശോധിച്ച് തൃപ്‌തിപ്പെട്ടതായും രേഖയിൽ സാക്ഷ്യപ്പെടുത്തുന്നു. ഒരു കപ്പലിന്റെ പ്രധാനപ്പെട്ട കാര്യം ആണ്  കീൽ ഇടുന്ന തീയതി. കപ്പലിന്റെ പല സാങ്കേതിക കാര്യങ്ങൾക്കും കീൽ ലൈഡ് ഡേറ്റ് ആവശ്യമാണ്‌. ഈ കപ്പലിന്റെ കീൽ ഇട്ടിരിക്കുന്ന തീയതി കൊടുത്തിരിക്കുന്നത് 22.03.2019 എന്നാണ്.
ഗോവയിലെ വിജയ് മറൈൻ ഷിപ്‌ യാർഡിൽ 10 വർഷത്തിനിടയിൽ 94 ഓളം കപ്പലുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഷിപ്പിങ് കോര്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശത്തോടെ ആണ് പുതിയ എണ്ണ  കപ്പലിന്റെ  നിർമ്മാണം.
ഉടമ ആവശ്യപ്പെടുന്ന തരം കപ്പലുകൾ ആദ്യമായി ഒരു നേവൽ ആർക്കിടെക്ടിന്റെ സഹായത്തോടെ പ്രാഥമികമായ ഒരു പ്ലാൻ ഉണ്ടാക്കുകയും പിന്നീട് വിശദമായ പ്ലാനിൽ എത്തി ചേരുകയും ക്ലാസ്സിഫിക്കേഷൻ സൊസൈറ്റി (ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് ) അതു അപ്പ്രൂവൽ ചെയ്യുന്നതോടെ ഒരു കപ്പൽ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം തുടങ്ങുന്നു. പിന്നീട് കപ്പലിന് കീൽ ഇടുകയും വിവിധ ഭാഗങ്ങൾ പല സ്ഥലങ്ങളിൽ ആയി പ്ലാൻ അനുസരിച്ചു നിർമ്മിക്കുകയും പിന്നീട് അതു കീൽ മുതൽ മുകളിലോട്ട് കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നു. ഷിപ്‌ ബിൽഡിംഗ്‌ ഡോക്ക് യാർഡിലും ഷിപ്‌ യാർഡിൽ തന്നെ ഉള്ള വിവിധ വർക്ക്‌ ഷോപ്പുകളിലും വെച്ച് നിർദിഷ്ട പ്ലാൻ അനുസരിച്ചുള്ള കപ്പലിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നു. കപ്പലിന്റെ കപ്പാസിറ്റി അനുസരിച്ചുള്ള യന്ത്ര ഭാഗങ്ങളും ഈ ഘട്ടത്തിൽ കപ്പലുമായി വിളക്കി ചേർക്കുന്നു. സ്റ്റീൽ ഘടന പൂർത്തി യാവുമ്പോൾ അഥവാ കപ്പലിന്റെ ഘടനയിലേക്ക് വന്നു കഴിഞ്ഞാൽ പിന്നീട്  പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കി കപ്പലിന്റെ മറ്റു ജോലികളിലേക്ക് കടക്കുന്നു. കപ്പലിലെ ജല വിതരണ സംവിധാനങ്ങളും വൈദ്യതി വിതരണ സംവിധാനങ്ങളും ഒക്കെ പൂർത്തിയാക്കുകയും കപ്പലിനെ താമസ യോഗ്യമാക്കുന്ന ജോലികളിൽ കടക്കുകയും ചെയ്യും. കപ്പലിന്റെ നിയന്ത്രണ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും ജീവൻ രക്ഷ ഉപകരണങ്ങളും അഗ്നി ശമന സംവിധാനങ്ങളും എല്ലാം കപ്പലിന്റെ കപ്പാസിറ്റി അനുസരിച്ചും വിവിധ നിർബന്ധ മാനദണ്ഡങ്ങൾ അനുസരിച്ചും പൂർത്തിയാക്കി കപ്പൽ വിവിധ തരം പരിശോധനകളിലേക്ക് കടക്കുകയും ചെയ്യുന്നു.. നീറ്റിലിറക്കുന്ന കപ്പൽ പിന്നീട് പ്രാഥമിക സർവേകൾ നടത്തുകയും സീ ട്രയൽ നടത്തി പൂർണ്ണമായും തൃപ്തി വരുത്തുകയും ചെയ്യുന്നു. തുടർന്നുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കി ആണ് കപ്പൽ സർവീസ് നടത്താൻ ഉടമക്ക് ലഭിക്കുക.
നിലവിൽ ലക്ഷദ്വീപിൽ സർവീസ് നടത്തുന്നത് കൊടിത്തല എന്ന കപ്പൽ ആണ്. 700 എം ടി ഓയിൽ ടാങ്കർ നിർമ്മാണം പൂർത്തിയാവുന്നതോടെ ലക്ഷദ്വീപിന്റെ ആവശ്യങ്ങൾക്ക് മുതൽ കൂട്ടാവുകയും ചെയ്യും.

Thursday, March 21, 2019

ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആരൊക്കെ??

21:03:19: കവരത്തി : ഭാരതീയ ജനത പാർട്ടി സ്ഥാനാർഥി ആയി ശ്രീ .അബ്ദുൽ ഖാദറിനെ ഇന്നു പ്രഖ്‌യാപിച്ചതോട് കൂടി ലക്ഷദ്വീപിലെ സ്ഥാനാർഥി നിർണയം പൂർത്തി ആവുന്നു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പു നടത്തുന്ന മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴച ഇറങ്ങിയതോടെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് രാഷ്ട്രീയ പാർട്ടികൾ. മാർച്ച്‌ 25 വരെയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള സമയം  26 നു സൂഷ്മ പരിശോധന യും 28 നു പിൻവലിക്കാൻ ഉള്ള അവസാന തീയതിയും കഴിയുന്നതോടെ പൂർണമായ ചിത്രം വ്യക്തമാവും. നിലവിൽ എൻ സീ പി സ്ഥാനാർഥി ആയി സിറ്റിംഗ് എം പി ശ്രീ.   പി പി മുഹമ്മദ് ഫൈസൽ,  കോൺഗ്രസ്‌ സ്ഥാനാർഥി ആയി ശ്രീ .ഹംദുള്ള സയീദ്,  സി പി എം സ്ഥാനാർഥി ശ്രീ. ശരീഫ് ഖാൻ   ,  സി പി ഐ സ്ഥാനാർഥി ശ്രീ . അലി അക്ബർ,  ജനത ദൾ യുണൈറ്റഡ് സ്ഥാനാർഥി കെ പി മുഹമ്മദ് സ്വാദിഖ്,  ബി ജെ പി സ്ഥാനാർഥി ശ്രീ. അബ്ദുൽ ഖാദർ എന്നിവർ ആണ് ലക്ഷദ്വീപിൽ മത്സര രംഗത്തുള്ളത് . ഏപ്രിൽ 11 നു ആണ് വോട്ടെടുപ്പ്  മെയ്‌ 23 ഫലം പ്രഖ്‌യാപിക്കും. 

Thursday, January 31, 2019

കപ്പൽ ജീവനക്കാരെ എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ ഒരുങ്ങുന്നു. മാനിംഗ് കമ്പനികളെ ഒഴിവാക്കാൻ ആയുള്ള ദീർഘ കാലമായുള്ള ആവശ്യങ്ങൾക്ക് ഒടുവിൽ ഭാഗിക വിജയം..

കവരത്തി : ലക്ഷദ്വീപ് കപ്പലുകളിൽ മുഴുവൻ ജീവനക്കാരെയും എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ നടപടികൾ ആരംഭിച്ചു എന്ന് ലക്ഷദ്വീപ് ഭരണ കൂടം.. ആദ്യം അമിനി ദിവി മിനിക്കോയ് ദിവി,  ബംഗാരം,  വിറിങ്ങിലി എന്നീ കപ്പലുകളിൽ ആയിരിക്കും എൽ ഡി സി എൽ നേരിട്ട് മുഴുവൻ ജീവനക്കാരെയും നിയമിക്കുക   . പദ്ധതിയുടെ വിജയം വിലയിരുത്തി മറ്റു കപ്പലുകളിലും പിന്നീട് നിയമനങ്ങൾ എൽ ഡി സി എൽ നേരിട്ട് നടത്തും. നിലവിൽ ഓഫീസർ റാങ്കിൽ ഉള്ളവരെ റിക്രൂട് ചെയ്യുന്നത് തേർഡ് പാർട്ടി മാനിങ് കമ്പനികൾ ആണ്.  കൂടാതെ ക്രൂ മാരുടെ ശമ്പളം എൽ ഡി സി എൽ നേരിട്ട് നൽകുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാനുമായും എൽ ഡി സി എൽ അധികൃതരുമായും ലക്ഷദ്വീപ് സീമാന് വെൽഫെയർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ ധാരണ ആയി. 

യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കപ്പലിലെ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. - LDCL

കവരത്തി : വർധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് കപ്പലുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താൻ നടപടികളും ആയി ലക്ഷദ്വീപ് വികസന കോര്പറേഷൻ .  കപ്പലുകളിൽ വിളമ്പുന്ന ഭക്ഷണം ഗുണ നിലവാരം ഉള്ളതെന്ന് ഉറപ്പിക്കുന്ന കോംപ്ലിയൻസ് അതോറിറ്റി ആയി അതാതു കപ്പലുകളിൽ ഉള്ള മെഡിക്കൽ ഓഫീസരെ ചുമതലപ്പെടുത്തി സർക്യൂലർ ഇറക്കി.  ചെറിയ കപ്പലുകളിൽ ഡോക്ടർ അസിസ്റ്റന്റ് ആണ് കോംപ്ലിയൻസ് ഓഫീസർ  . കൂടാതെ കപ്പലിൽ വരുന്ന പ്രൊവിഷൻസ് ഗുണമേന്മ യുള്ളവയ്യെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കാറ്ററിംഗ് ഓഫീസറിനു ആണെന്നും LDCL ജനറൽ മാനേജർ ഇറക്കിയ സർക്കുലർ പറയുന്നു. 

Saturday, January 26, 2019

അഡ്മിനിസ്ട്രേറ്റർ പതാക ഉയർത്തി .ലക്ഷദ്വീപിലും റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചുകവരത്തി : രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു .ലക്ഷദ്വീപ് തലസ്ഥാനത്ത്‌ അഡ്മിനിസ്ട്രേറ്റർ ശ്രീ . ഫാറൂഖ് ഖാൻ രാവിലെ എട്ടു മണിക്ക് പതാക ഉയർത്തി .
വിവിധ ട്രൂപ് കളുടെ പരേഡ് വീക്ഷിച്ചു . തുടർന്ന് അദ്ദേഹം  ഗ്യാലറിയിലും സ്റ്റേഡിയത്തിലും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തു .റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയ അദ്ദേഹം നേട്ടങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും സംസാരിച്ചു . ശേഷം വിവിധ ഗ്രൂപ്പുകളുടെ വർണ്ണ ശബളം ആയ കാഴ്ചകൾ ജനങ്ങൾക്ക് വിരുന്നായി ..കുട്ടികൾ അവതരിപ്പിച്ച  മാസ്സ് ഡിസ്പ്ലേ ശ്രദ്ധേയം ആയി .അഡ്മിനിസ്ട്രേറ്റർ 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് കുട്ടികൾക്കായി പ്രഖ്‌യാപിച്ചു . സ്ത്രീ ശക്തി വിളിച്ചോതി ബാംഗ്ലൂരിൽ നിന്നും എത്തിയ വനിതാ ബറ്റാലിയൻ അവതരിപ്പിച്ച പരിപാടി മനോഹരം . കളരി പയറ്റും ധോലി പ്പാട്ട് വിത്ത് സൂഫീ ഡാൻസ് എന്നിവയും അവതരിപ്പിച്ചു .തുടർന്ന് വിവിധ വകുപ്പുകൾ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളും കാണികളുടെ മനസ്സ് കവർന്നു .

Wednesday, January 23, 2019

കിൽത്താൻ ജെട്ടി പരിസര ശുചീകരണം നടത്തി

കിൽത്താൻ :കിസ്വ യുടെ ദ്വിദിന ശുചീകരണ പരിപാടി നടത്തി .കിൽത്താൻ സീമെൻ സംഘടന കിൽത്താൻ ദ്വീപ് ജെട്ടിയുടെ പരിസരം ശുചിയാക്കി.19,20 തീയതികളിൽ നടത്തിയ പരിപാടിയിൽ കിസ്വ അംഗങ്ങൾ പങ്കെടുത്തു .

Wednesday, January 16, 2019

ക്യാപ്റ്റന് സ്വീകരണം ഒരുക്കി ദ്വീപു ജനങ്ങൾ ...

ചരിത്രം രചിച്ചു കൊണ്ട് ക്യാപ്റ്റൻ മൻസൂർ എം വി ലഗൂൺ എന്ന ലക്ഷദ്വീപ് യാത്ര കപ്പലിൽ ക്യാപ്റ്റൻ ആയി കമാൻഡ് ഏറ്റെടുത്തു ..2019 ജനുവരി മാസം അഞ്ചാം തീയതി കൊച്ചിയിൽ വെച്ച് കപ്പലിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്തതോടെ ലക്ഷദ്വീപ് വാസികൾ അവരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആണ് . നിരവധി കപ്പലുകൾ സ്വന്തമായുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കപ്പലിൽ ഇതാദ്യമായി ആണ് ലക്ഷദ്വീപ് കാരൻ ക്യാപ്റ്റൻ ആയി യോഗ്യത പരീക്ഷകൾ പൂർത്തിയാക്കി എത്തുന്നത് ..സ്വപ്ന നേട്ടം കൈവരിച്ച മുപ്പതു വയസ്സ് മാത്രം പ്രായമുള്ള മൻസൂർ ടി പി യെന്ന ലക്ഷദ്വീപ് കാരൻ ക്യാപ്റ്റന് സ്വീകരണം ഒരുക്കുന്ന തിരക്കിൽ ആണ് ഓരോ ദ്വീപും .

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...

അത്ര ചെറിയ പ്രദേശമാണോ ലക്ഷദ്വീപ്?? അല്ലെന്ന് പറയാം... ലക്ഷദ്വീപ് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും കൂടി അതായത് വടക്കേ അറ്റത്...