യാത്ര കീറാമുട്ടി...

ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്‌മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്..

ടിക്കറ്റ്‌ ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ  ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്..

പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്ന് അത്യാധുനിക സൗകര്യങ്ങൾ ഉള്ള കൂടുതൽ കപ്പലുകൾ ഉള്ളപ്പോഴും യാത്ര ക്ലേഷവും ടിക്കറ്റ് ദൗർലഭ്യതയും ലക്ഷദ്വീപ് ജനങ്ങളെ വിടാതെ പിടികൂടിയിരിക്കുന്നു.

ജനപ്പെരുപ്പം, ജനങ്ങളുടെ യാത്രാ കാരണങ്ങളിൽ ഉള്ള വർധന, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ ഉള്ള വളർച്ച, തൊഴിൽ, ചികിത്സ കച്ചവട ആവശ്യങ്ങൾ, വിനോദ യാത്രകൾ, സർക്കാർ, സ്വകാര്യ വിനോദ സഞ്ചാര മേഖലകളിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വളർച്ച, ഇന്റർ ഐലൻഡ് യാത്രകളിൽ ഉണ്ടായ വൻ വർധന തുടങ്ങി ഇക്കാലയളവിൽ യാത്രാ ആവശ്യങ്ങൾ വൻ തോതിൽ വർധിച്ചിട്ടും അതിനു അനുസരിച്ചു ഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കാത്തതും ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യാത്തതും ഭരണകൂടത്തിന്റെ അനാസ്ഥ ആണെന്നതിൽ തർക്കമില്ല..

2015 തൊട്ട് 2030 വരെ ഉള്ള കപ്പലുകൾ അടക്കം വാങ്ങുവാനും നിർമ്മിക്കുവാനും ഒക്കെ ഉള്ള പദ്ധതി കരാർ ഏകപക്ഷീയമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി റദ്ധാക്കിയ നടപടികൾ ലക്ഷദ്വീപ് ഇന്ന് എത്തി നിൽക്കുന്ന പ്രതിസന്ധികൾക്ക് കാരണമായി എന്ന് ലക്ഷദ്വീപ് ജന പ്രതിനിധി മുഹമ്മദ്‌ ഫൈസൽ എം പി ചൂണ്ടി കാട്ടുന്നു.
എന്നാൽ ഈ സാഹചര്യങ്ങൾ ഇങ്ങിനെ തന്നെ തുടരുവാൻ അനുവദിക്കുന്നത് കൂടുതൽ വലിയ പ്രതിസന്ധികൾ നാടിനെ ചെന്നെത്തിക്കും..
പൊതുവിൽ മൺസൂൺ എത്തുന്നതിനു മുമ്പ് കൂടുതൽ യാത്രാ സൗകര്യം ഉണ്ടാവാറുണ്ട്. മൺസൂൺ എത്തുമ്പോൾ കപ്പലുകളുടെ എണ്ണം സ്വാഭാവികമായും കുറയും.. എന്നാൽ മൺസൂൺ കാലം എത്തുന്നതിനു മുമ്പ് തന്നെ പല ദ്വീപുകളിലും വൈദ്യുതി ക്ഷാമം എന്നുമില്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ്.. ഡീസൽ, പെട്രോൾ ഇന്ധനങ്ങൾ ദ്വീപുകളിൽ എത്തുന്നതിൽ വലിയ കാല താമസം ഉണ്ടാവുന്നത് വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിരിക്കുന്നത്.. പെട്രോൾ ലഭിക്കാതെ മാസങ്ങൾ കാത്തു നിൽക്കുന്ന ദ്വീപുകൾ ഇന്ന് നിത്യ കാഴ്ച തന്നെ ആണ്.. മൺസൂൺ കാലം ലക്ഷദ്വീപിനെ ഇത്തരം പ്രതിസന്ധികൾ വട്ടം ചുറ്റിക്കുവാൻ തന്നെ ആണ് സാധ്യത..

അടിയന്തിര പരിഹാരങ്ങൾ ആവശ്യപ്പെട്ടു വിവിധ രാഷ്ട്രീയ സംഘടന കൾ പ്രതിഷേധങ്ങളും നിവേദനങ്ങളും ഒക്കെ മുറ പോലെ കൊണ്ട് പോവുന്നുണ്ടെങ്കിലും ഗതാഗത രംഗത്തെ പ്രതിസന്ധി ഒഴിയാതെ തന്നെ കിടക്കുകയാണ്..
ലക്ഷദ്വീപിന്റെ ക്ഷേമത്തിൽ താല്പര്യം കാണിക്കാത്ത ഭരണാധികാരികളിൽ നിന്നും എന്ത് പ്രതീക്ഷിക്കണം എന്ന് ജനം മുറു മുറുക്കുമ്പോഴും കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും പ്രതിസന്ധി പരിഹരിക്കുവാൻ ഉതകുന്ന നടപടികൾ കൈകൊള്ളുന്നില്ല..

• പുതിയ കപ്പലുകൾ ലഭ്യമാക്കുക, വ്യോമ ഗതാഗത രംഗം വിപുലീകരിക്കുക
• തിരക്കുള്ള സീസണിൽ പുറത്തു നിന്നും ലക്ഷദ്വീപിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കപ്പലുകൾ ചാർട്ടർ ചെയ്തു ഓടിക്കുവാൻ ഉള്ള നടപടികൾ കൈകൊള്ളുക
•സ്വകാര്യ ആപ്പുകളിൽ അടക്കം ലഭ്യമാവും വിധം ഓൺലൈൻ ടിക്കറ്റ് സംവിധാനം വിപുലീകരിക്കുക. •നിലവിലെ ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിൽ വരുന്ന പിഴവുകൾ അടിയന്തിരമായി പരിഹരിക്കുക. •ടിക്കറ്റ് ലഭ്യമാവാതെ തന്നെ ഓൺലൈൻ ടിക്കറ്റ് പൈസ നഷ്ടപ്പെടുന്ന അവസ്ഥ പരിഹരിക്കുക.
• അത്തരം സാഹചര്യത്തിൽ ഉപഭോക്താവിന് പൈസ തിരിച്ചു കിട്ടുന്ന റീ ഫണ്ടിങ് സേവനം ഒരുക്കുക, അത്തരം ഘട്ടങ്ങളിൽ ഉപഭോക്താവിന്റെ പരാതി കേൾക്കുവാനും പരിഹരിക്കുവാനും കസ്റ്റമർ കെയർ സൗകര്യവും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കുക..
•ഓൺലൈൻ ടിക്കറ്റ് എളുപ്പവും സുതാര്യവും സുരക്ഷിതവും ആക്കുക..
•ഹാക്കിങ് അടക്കമുള്ള സൈബർ തന്ത്രങ്ങൾ ഓൺലൈൻ ടിക്കറ്റ് വിതരണത്തിൽ സാമൂഹിക വിരുദ്ധർ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും അത്തരം പ്രവണതകൾക്കെതിരിൽ മതിയായ സുരക്ഷാ സൗകര്യം ഒരുക്കുകയും ചെയ്യുക..
•ലക്ഷദ്വീപ് തുറമുഖവകുപ്പിൽ പ്രൊഫഷണലുകളെ നിയമിക്കുകയും പോർട്ട്‌, ഷിപ്പിങ് മാനേജ്മെന്റ് കൂടുതൽ പ്രൊഫഷണൽ രീതിയിൽ കൊണ്ടു വരുവാൻ ഉതകും വിധമുള്ള തസ്തികകൾ മേജർ പോർട്ട്‌ മാതൃകയിൽ ഉണ്ടാകുകയും നിയമനം നടത്തുകയും ചെയ്യുക.. 
•ഓരോ പോർട്ടും ഉത്തരവാദിത്തോടെ ടിക്കറ്റ് പരിശോധന നടത്തി സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുക..
•അടിയന്തിര സാഹചര്യങ്ങളിൽ ഉള്ള കണ്ണടക്കലുകൾ നമ്മുടെ സംവിധാനങ്ങളെ കുറഞ്ഞ കപ്പലുകൾ വെച്ച് മാനേജ് ചെയ്യുന്ന രീതി തുടർന്നു കൊണ്ടു പോവുന്നത് പ്രോത്സാഹിപ്പിക്കുകയും യാത്രക്കാർക്ക് അനുബന്ധമായി പുതിയ കപ്പലുകൾ ലഭ്യമാവുന്നത് നീട്ടിക്കൊണ്ട് പോവുകയും ചെയ്യും..

"കൂടുതൽ കപ്പലുകൾ കൂടുതൽ മികച്ച യാത്രാ സൗകര്യങ്ങൾ സുരക്ഷിത യാത്ര നവ ലക്ഷദ്വീപ് എന്ന മുദ്രാവാക്യം നാം ഉയർത്തി പിടിക്കേണ്ടതുണ്ട്.."

  അടിയന്തിര ഘട്ടങ്ങളിൽ ഉള്ള മാനേജ്മെന്റ് എന്ന രീതി മാറി സമ്മർദ്ദമില്ലാത്ത യാത്ര സൗകര്യം എല്ലാ കാലങ്ങളിലും ഒരുക്കുവാൻ ലക്ഷദ്വീപ് പോർട്ട്‌ ഷിപ്പിങ് ആൻഡ് ആവിയേഷനും ഭരണകൂടവും ശ്രമിക്കേണ്ടതുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..