ദുരിതമീ യാത്ര
കൊച്ചിയിലെ സ്കാനിങ്ങ് സെന്റർ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നു. വെയിലും മഴയുമൊന്നും അവന്റെ പ്രൗഢിക്ക് ഇതുവരെ ഭംഗം വരുത്തിയില്ല. ലക്ഷദ്വീപുകാരന്റെ ദുരിതയാത്രയിൽ ഒരു വില്ലന്റെ പരിവേഷമുണ്ട് ഈ സമുച്ചയത്തിന് .ദ്വീപുകാരന്റെ കണ്ണുനീരിൽ കുതിർന്ന മണ്ണിൽ ചവിട്ടി പ്രതീക്ഷയുടെ കണ്ണുമായി സ്കാനിങ്ങിന്റെ വിശാലമായ മുറിക്കകത്തേക്ക് നോക്കി. ഒരു പാട് പേർ തലങ്ങും വിലങ്ങും ഓടുന്നു. അവരിൽ പലരുടേയും മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. പലരും അടുത്തറിയുന്നവർ, പരിചിതർ. എന്താണ് ഇത്ര തിരക്ക് എന്ന എന്റെ ചോദ്യത്തിന് അവർ കണ്ണുകൾ കൊണ്ട് മറുപടി പറഞ്ഞു. അവരുടെ മുഖത്തിൽ മിന്നി മറിഞ്ഞ ഭാവങ്ങളിൽ നിന്നും എന്റെ ഉത്തരം കണ്ടെത്തി.സ്കാനിങ്ങിന്റെ ഒരറ്റത്ത് ചില്ലുകൊണ്ട് മേഞ്ഞ ഒരു ഒറ്റമുറിക്കകത്ത് കമ്പ്യൂട്ടറിൽ വിരല് കുത്തിക്കളിക്കുന്ന ഒരു സർക്കാർ ജീവനക്കാരനെ കണ്ടു. അയാളുടെ നേർക്ക് കുറേ കൈകൾ പ്രതീക്ഷയോടെ ആരൊക്കെയോ നീട്ടുന്നു. ടിക്കറ്റ് കിട്ടാത്തവരും ടിക്കറ്റിൽ പേര് മാറിയവരും ആ കൂട്ടത്തിലുണ്ട്. യുദ്ധഭൂമിയിൽ നിന്നും സർവ്വവും ഉപേക്ഷിച്ച് വന്ന അഭയാർത്തികൾ വിശപ്പടക്കാൻ അപ്പക്കഷ്ണത്തിന് വേണ്ടിയാജിക്കുന്നത് ഓർമ്മപ്പെടുത്തുന്നു ഈ രംഗം. കമ്പ്യൂട്ടർ വിദഗ്ദ്ധൻ യാചകരോട് ഓർമ്മപ്പെടുത്തി ടിക്കറ്റ് ഫുൾ നോ രക്ഷ. മുഖത്തോട് മുഖം നോക്കി കണ്ണുകൾ കൊണ്ട് കഥ പറയാൻ നിൽക്കാതെ അവർ അകത്തേ വിശാലമായ ഹാളിലേക്ക് നടന്നു. അളിയാ കിട്ടിയാ? ടിക്കറ്റ് നേരത്തേ തരപ്പെടുത്തിയ സുഹൃത്തിന്റെ വക ഒരു ചോദ്യം. ഹും ടിക്കറ്റ് പകുതിയുത്തരം വിഴുങ്ങി ആരോടൊക്കെയോ തന്നെ സലാമത്താക്കാൻ കേണപേക്ഷിച്ചു.പ്രതീക്ഷയുടെ എല്ലാ വാതിലുകളും അവന്റെ മുന്നിലടഞ്ഞു. ടിക്കറ്റുകാരിൽ അവസാനത്തേയാളും സുരക്ഷാ പരിശോധനക്കായി പോകുന്നത് കണ്ണുകൾ തുടച്ച് അവൻ കണ്ടു.മഹ്ഷറാ സഭയിൽ നന്മതിന്മകൾ തൂക്കി നോക്കി നന്മയിൽ മുന്തിനിന്നവർ സ്വർഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും പോകുമെന്ന മതപ്രഭാഷകന്റെ വാക്ക് ഓർമ്മ വരുന്നു. ടിക്കറ്റുള്ളവൻ കപ്പലിലേക്കും അല്ലാത്തവൻ തിരിച്ച് മഹാനഗരത്തിന്റെ ചതിക്കുഴിയിലേക്കും പോകാം. മഴ കൊതിച്ചെത്തിയ വേഴാമ്പലിനേപ്പോലെ ടിക്കറ്റ് കൊതിച്ചെത്തിയ ഹതഭാഗ്യൻ തന്റെ തോളിലേക്ക് ഒന്നുകൂടി ഭാരത്തിന്റെ ആ ബാണ്ഡക്കെട്ട് എടുത്തു വെച്ചു.പൊക്കിളിന്റേയും മുട്ടിന്റേയും ഇടയിൽ ഏച്ചുകെട്ടിയ സഞ്ചാരിക്കൂട്ടവുമായി ഗമയോടെ വരുന്ന ദ്വീപുകാരനെ നിറകണ്ണുകളോടെ നോക്കി നിന്നുപോയ്.രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജനിച്ചവർ ,പല വേഷവും ധരിക്കുന്നവർ ഇവിടെ എന്റെ കൺമുന്നിൽ.അവർക്ക് ഒരു തടസ്സവുമില്ല. സമയവും ഊർജ്ജവും അവന് നഷ്ടമായില്ല. വന്നിറങ്ങിയ സഞ്ചാരിക്ക് ടിക്കറ്റ് റെഡി. ദ്വീപിന്റെ കടലിലെ അത്ഭുതങ്ങൾ തേടി ഊളിയിടുന്ന സഞ്ചാരികൾക്ക് മഞ്ഞാൻ കൂട്ടവും ഫക്കിക്കദിയയും നല്ലൊരു വിരുന്നൊരുക്കും. നീ ദ്വീപിലെത്തിയില്ലെങ്കിലെന്ത്.അവർ നീന്തിത്തുടിക്കട്ടെ .ദ്വീപുകാരാ പരാതിയോ പരിഭവമോ അരുത്. നാം ദുരിതസാഗരത്തിൽ പെട്ടു പോയവർ മാത്രം. വമ്പൻ സ്രാവുകൾക്ക് ഭക്ഷണമാവാതിരിക്കാൻ നീ സ്വയം ഒരു സുരക്ഷാവലയം തീർക്കുക. മരുഭൂമിയിലെ ഒരു മരീചിക പോലെ മെല്ലെയെങ്കിലും പ്രതീക്ഷിക്കാം ഒരുനാൾ ആർക്ക് മുമ്പിലും കൈ നീട്ടാതെ ഉറ്റവർക്കരികിലേക്ക് സങ്കോചമില്ലാതെ നമുക്കും യാത്ര തിരിക്കാമെന്ന്. ടിക്കറ്റ് കിട്ടിയവർക്ക് ശുഭയാത്ര നേരുന്നു.
അബ്ദുൽ റസാഖ് പുതിയപുര
അബ്ദുൽ റസാഖ് പുതിയപുര
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ