ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. )
വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു.
ഡ്രൈ ഡോക്ക് എന്ന് വിളിക്കപ്പെടുന്ന പ്രത്യേകമായി രൂപപ്പെടുത്തിയിരിക്കുന്ന സംവിധാനത്തിനകത്ത് കപ്പലിനെ കൊണ്ട് വരികയും ശേഷം കപ്പലിനെ പ്രത്യേക കണക്കു കൂട്ടലുകളുടെ സഹായത്താൽ പൊസിഷനിംഗ് നടത്തുകയും ചെയ്യുന്നു.  ശേഷം പ്രസ്തുത ഡ്രൈ ഡോക്കിലേക്ക് കായലിൽ/ കടലിൽ നിന്നുമുള്ള കവാടം ( ലോക്ക്) അടക്കുകയും ഡോക്കിനകത്തെ വെള്ളം വമ്പൻ പമ്പുകളുടെ സഹായത്താൽ വറ്റിച്ച് കളയുകയും ചെയ്യുന്നു. വെള്ളം വറ്റുന്ന മുറക്ക് കപ്പലും താഴ്ന്ന് മുൻകൂട്ടി സജ്ജീകരിച്ച ബ്ലോക്കുകൾക്ക് മേൽ സുരക്ഷിതമായി ഇരിക്കുന്നു..വളരെയധികം ശ്രദ്ധ ആവശ്യമുള്ളതും അപകട സാദ്ധ്യത ഏറെയുള്ളതുമായ ഈ പ്രക്രിയക്കുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി തന്നെ കപ്പലും ഷിപ്പ് യാർഡും ഒരുക്കുകയും പ്ലാൻ പ്രകാരം തന്നെ ഡോക്ക് മാസ്റ്റർ ഉത്തരവാദിത്തത്തോടെ കപ്പലിനെ ഡോക്കിംഗ് നടത്തുകയും ചെയ്യുന്നു.
ഡ്രൈ ഡോക്കിലെത്തുന്ന കപ്പൽ അടിഭാഗ പരിശോധനക്ക് വിധേയമാകുന്നതോടൊപ്പം തന്നെ മറ്റു അറ്റകുറ്റ പ്പണികൾ നടത്തുന്നതിലേക്കും സൌകര്യം ഒരുക്കുന്നു. അത്രയും കാലം വെള്ളത്താൽ ചുറ്റപ്പെട്ട് പായലും മറ്റും പറ്റിയിരിക്കുന്ന അടിഭാഗത്തിന്റെ വിശദമായ ക്ലീനിംഗ് ഈ ഘട്ടത്തിൽ നടത്തപ്പെടുന്നു.. പഴയ പെയ്ന്റ് കളഞ്ഞ് പുതിയ പെയിന്റിംഗ് നടത്തുന്നു.. കപ്പലിന്റ അടിഭാഗത്ത് / വെള്ളവുമായി സമ്പർക്കം പുലർത്തുന്ന ഭാഗത്ത് പായലും മറ്റു മറൈൻ ഗ്രൗത്തും പറ്റിപ്പിടിക്കുന്നത് നിയന്ത്രിക്കാൻ ആന്റി ഫൗളിംഗ് എന്നറിയപ്പെടുന്ന പ്രത്യേക തരം പെയിന്റ് ആണ് ഉപയോഗിക്കുന്നത്. കപ്പലിന്റെ റഡ്ഡർ(ചുക്കാൻ) , പ്രൊപ്പല്ലർ, ബോ ത്രസ്റ്റർ തുടങ്ങിയവയുടെ പരിശോധനയും ആവശ്യമായ അഴിച്ചു പണികളും നടത്തുന്നു. കൂടാതെ ഏതെങ്കിലും ഭാഗത്തെ പ്ലെയ്റ്റിൽ തക്കതായ പരിക്കുകൾ കണ്ടെത്തിയാൽ ആ ഭാഗം മുറിച്ചു മാറ്റി പുതിയ പ്ലേറ്റ് വെൽഡ് ചെയ്ത് പിടിപ്പിക്കുകയും മതിയായ പരിശോധനകൾ നടത്തി ഉത്തരവാദപ്പെട്ട സർവ്വയർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കപ്പലിനകത്ത് മെഷീനുകളും ജനറേറ്ററുകളും ശീതീകരണ സംവിധാനങ്ങളും ഈ ഘട്ടത്തിൽ വിദഗ്ദ വർക്ക് ഷോപ്പുകളുടെ സഹായത്താൽ അവശ്യ അഴിച്ചു പണികൾ നടത്തി കണ്ടീഷൻ ചെയ്തെടുക്കുന്നു.. കൂടാതെ കപ്പലിലെ ടാങ്കുകളുടെ ക്ലീനിംഗും പരിശോധനയും നടത്തപ്പെടുന്നു.  കപ്പലിന്റെ താഴ്ഭാഗത്തെ മുഴുവൻ അറ്റകുറ്റ പ്പണികളും പൂർത്തീകരിച്ചാൽ എത്രയും പെട്ടന്ന് തന്നെ സർവ്വയറെ വിളിച്ച് കപ്പൽ ഫ്ലോട്ടിംഗിന് മുമ്പുള്ള പരിശോധന പൂർത്തിയാക്കുന്നു.. പുതുതായി എന്തെങ്കിലും കണ്ടു പിടിക്കാത്ത പക്ഷം കപ്പൽ ഫ്ലോട്ടിംഗിനായി റെഡിയാക്കുന്നു. കപ്പൽ ഡോക്കിൽ വന്നപ്പോഴുള്ള അതെ സ്റ്റബിലിറ്റി കണ്ടീഷനിലേക്ക് കൊണ്ടുവരികയും ഡ്രൈ ഡോക്കിൽ വെള്ളം നിറച്ച് കപ്പൽ ഫ്ലോട്ട് ചെയ്യുകയും ചെയ്യുന്നു..കപ്പൽ ഫ്ലോട്ട് ചെയ്യുന്ന ഘട്ടത്തിൽ ലീക്കിംഗ് കണ്ടെത്തിയാൽ ആവശ്യമെങ്കിൽ കപ്പൽ വീണ്ടും ഡോക്ക് ചെയ്ത് തുടർ പരിശോധനകൾ നടത്തേണ്ടിയും വരും. കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ കപ്പൽ ഫ്ലോട്ട് ചെയ്യുകയും ടഗ്ഗുകളുടെ സഹായത്താൽ ഡോക്കിന് പുറത്തെത്തിച്ച് ഷിപ്പ് യാർഡ് ബെർത്തിൽ തന്നെ കെട്ടിയിട്ട് മറ്റു അറ്റകുറ്റ പ്പണികൾ പൂർത്തിയാക്കുകയും ചെയ്യുന്നു..മറ്റു റിപ്പയർ വർക്കുകൾ പൂർത്തിയായാൽ കപ്പൽ പൂർണ്ണമായും ക്ലീനിംഗ് നടത്തി വാർഷിക സുരക്ഷാ പരിശോധക്കായി തയ്യാർ ചെയ്യേണ്ടതുണ്ട്..അഴിച്ചു പണികൾ നടത്തിയ യന്ത്ര ഭാഗങ്ങളുടെ കാര്യ ക്ഷമത പരിശോധിക്കാനും  ഡ്രൈ ഡോക്കിന് ശേഷമുള്ള കപ്പലിന്റെ സ്വഭാവം വിലയിരുത്താനും കപ്പൽ സീ ട്രയലിനായി കടലിലേക്ക് പോകുന്നു.. തൃപ്തികരമായ സീ ട്രയലിന് ശേഷം കപ്പലിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി MMD സർവ്വയർ കപ്പലിന് ഒരു വർഷത്തേക്കുള്ള സുരക്ഷാ പരിശോധന സർട്ടിഫിക്കറ്റ് ( PASSENGER SHIP SAFETY CERTIFICATE OR CERTIFICATE "A" )  നൽകുന്നു. കപ്പൽ യാത്രക്ക് സജ്ജമായതായി കമ്പനി പോർട്ടിനെ അറിയിക്കുമ്പോൾ ഉടൻ തന്നെ കപ്പലിന്റെ അടുത്ത സെയിലിംഗിനുള്ള പ്രോഗ്രാം, ടിക്കറ്റ് വിതരണം തുടങ്ങിയ സേവനങ്ങളിലേക്ക് പോർട്ടും കടക്കുന്നു.
  സ്വാഭാവിക ഡ്രൈ ഡോക്കിംഗിലേക്കള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങുന്നു.. ഏറ്റവും ചുരുങ്ങിയത് ഒരു ഡ്രൈ ഡോക്കിംഗ് കഴിഞ്ഞിറങ്ങുന്ന കപ്പൽ പിറ്റെ ദിവസം തന്നെ അടുത്ത വർഷത്തെ ഡ്രൈ ഡോക്കിനുള്ള ഫയൽ തുടങ്ങുന്നു. കഴിഞ്ഞ ഡ്രൈ ഡോക്കിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അടുത്ത ഡ്രൈ ഡോക്കിലേക്കായി പ്ലാൻ ചെയ്ത് തുടങ്ങുന്നു..
അടിയന്തിര സാഹചര്യങ്ങളിലും കപ്പൽ ഡ്രൈ ഡോക്ക് നടത്തേണ്ടി വരാറുണ്ട്.
എഴുതി തീർക്കാനുളള പ്രയാസം കാരണം പലകാര്യങ്ങളും ചുരുക്കേണ്ടി വന്നിട്ടുണ്ട് ഇനിയൊരു ഘട്ടത്തിലാവാം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്