ലക്ഷദ്വീപിന്റെ സാമ്പത്തിക ഭാവിയിൽ ആശങ്കയോടെ ഡോ. ഖലീൽ ഖാൻ
ലക്ഷദ്വീപിൽ സമീപ കാലത്തായി നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ ദ്വീപ് സമ്പദ്ഘടനയിലും സാമൂഹികയും വലിയ കോട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മൂന്നു നാലു വർഷം കൊണ്ട് ദാരിദ്ര്യത്തിലേക്കു നീങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.. വിഷയത്തിൽ ആശങ്ക അറിയിച്ചും സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചും എല്ലാം ലക്ഷദ്വീപിലെ പ്രിയപ്പെട്ട ഡോക്ടർ ഖലീൽ ഖാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം..
*ആട്ടിയ വെളിച്ചെണ്ണയും നമ്മുടെ സമ്പദ്ഘടനയും.*
Dr Khaleel Khan.
ഇന്നലെ രാത്രി വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ പോയി. അവിടെ ഷെൽഫിൽ പുതിയ ഒരു ബ്രാന്റ് വെളിച്ചെണ്ണ ഇരിക്കുന്നു. ലേബൽ കണ്ടപ്പോൾ നാടൻ ആണോന്നു സംശയം തോന്നി.
ഇതേത് നാട്ടിളത്?
അത് നാടൻ ഇല്ല, മല്യാം.
ഈ മറുപടി കേട്ടപ്പോൾ നെഞ്ചിനകത്ത് എവിടെയൊക്കെയോ ഒരു നോവ് അനുഭവപ്പെട്ടു.
വില എത്ര?
ചെറിയൊരു ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
250 രൂപ!!!
ഞെട്ടിപ്പോയി!
നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന,
ശുദ്ധമെന്ന് ഉറപ്പുള്ള,
100 ശതമാനം ഓർഗ്ഗാനിക് എന്ന് ഉറപ്പുള്ള,
എന്റെയും നിങ്ങളുടെയും വീടിനു ചുറ്റുമുള്ള തെങ്ങിൽ കായ്ച്ച തേങ്ങ കൊണ്ട് ആട്ടിയ വെളിച്ചെണ്ണ,
ഇതിലും കുറഞ്ഞ വിലയ്ക്കു ഇവിടെ ലഭ്യമുള്ളപ്പോൾ,
വൻകരയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന,
ഓർഗ്ഗാനിക് അല്ലാ എന്ന് ഉറപ്പുള്ള,
ശുദ്ധമെന്ന് ഒട്ടും ഉറപ്പില്ലാത്ത,
വില കൂടിയ വെളിച്ചെണ്ണ
വാങ്ങി ഉപയോഗിക്കുന്നവരോടും
അതു കൊണ്ടു വന്നു വിൽക്കുന്ന കച്ചോടക്കാരോടും
ചില കാര്യങ്ങൾ ഉണർത്താനുണ്ട്.
അവർ മാത്രമല്ല ദ്വീപുകാർ മുഴുവനും അറിയേണ്ട ചില കാര്യങ്ങൾ.
ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിഞ്ഞു കിടക്കുകയാണ്. ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിക്കഴിഞ്ഞു. എത്രയും പെട്ടെന്നുണർന്നുകൊണ്ടു വേണ്ട പ്രതിവിധി ചെയ്തില്ലെങ്കിൽ, ഇവിടെ കൊടും ദാരിദ്ര്യമാണുവരാൻ പോകുന്നത്. അതും കേവലം മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ. ഇതൊരു ഭീഷണിയൊ ഭയപ്പെടുത്തലൊ ആയി ദയവായി ആരും തെറ്റിദ്ധരിക്കരുത്. ഇതു കേവലം ഒരു തിരിച്ചറിവു മാത്രം.
നമ്മുടെ അലസത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾ ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ സമ്പദ് ഘടനയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഉൽബുദ്ധരായ ഒരു സമൂഹത്തിനു,
കർമ്മോത്സുകരായ ഒരു സമൂഹത്തിനു,
എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ സാധിക്കും,
തീർച്ചയായും നമ്മളെകൊണ്ടു കഴിയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ