ഗതാഗതം ഗതിമാറുമ്പോൾ - ജസ്തിങ്ക്
മൺസൂൺ തുടങ്ങുമ്പോൾ തന്നെ ഒരു മാതിരി ബോട്ടുകൾ എല്ലാം കരക്ക് കയറ്റി വെക്കുന്ന ശീലം ഉണ്ട് ദ്വീപുകാർക്ക്.. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൊതുവിൽ കടൽ പ്രഷുബ്ധമായി കിടക്കുന്നത് കൊണ്ട് ബോട്ടുകൾ തീരം വിട്ട് അധിക ദൂരം പോവാറുമില്ല..
എന്നാൽ ജൂൺ പകുതി കഴിഞ്ഞും ഇന്ന് പ്രൈവറ്റ് ബോട്ടുകൾ അടക്കം ചാർട്ടർ ചെയ്തു ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്..പ്രതികൂല കാലാവസ്ഥ ആണെങ്കിൽ കൂടി ദ്വീപുകാർ തങ്ങളുടെ ആവശ്യങ്ങൾ കാരണം ബോട്ടുകൾ ആശ്രയിക്കുന്ന കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു..
ഏതു പ്രതികൂല കാലാവസ്ഥയിലും കടലുകൾ താണ്ടിയ ചരിത്രം ഉള്ള ദ്വീപ് മക്കൾക്ക് ഇതൊന്നും പുതിയ കാര്യം അല്ലെങ്കിൽ കൂടി കഴിഞ്ഞ കുറെ വർഷങ്ങൾ ഇങ്ങിനെ ആയിരുന്നില്ല എന്നു വേണം പറയാൻ..
യാത്ര ദുരിതം ദ്വീപുകളെ അത്ര അധികം വലച്ചിരിക്കുന്നു..
ചുരുങ്ങിയത് നാലു കപ്പലുകൾ എങ്കിലും ഓടിയിരുന്ന മൺസൂൺ കാലങ്ങളിൽ പോലും യാത്രാ ക്ലേഷവും ടിക്കറ്റ് ക്ഷാമവും നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കേവലം രണ്ടു കപ്പലുകൾ മാത്രം യാത്രാവശ്യങ്ങൾക്ക് ചുരുങ്ങിയ ഈ മൺസൂൺ കാലം പഴയ യാത്രാ ക്ലേശങ്ങൾ ഇരട്ടി ആക്കിയിട്ടുണ്ട് ഇന്ന്..
ആളുകളുടെ യാത്രാവശ്യങ്ങൾ പതിന്മടങ്ങു വർധിച്ചു പോയ കാലത്തു കപ്പലുകളുടെ ലഭ്യത കുറവ് അഗാധമായ നിലയിലേക്ക് എത്തിച്ചിട്ടുണ്ട് കാര്യങ്ങൾ..
രണ്ടു കപ്പലുകൾ കൊച്ചിയിൽ നിന്നും ലക്ഷദ്വീപ് സമൂഹത്തിലേക്ക് സർവീസ് നടത്തുമ്പോൾ കൊച്ചിയിൽ നിന്നും പരമാവധി കപ്പലിൽ കയറുവാൻ കഴിയുക ആ കപ്പലുകളുടെ അനുവദനീയ കപ്പാസിറ്റി മാത്രം ആണ്..
ഇന്റർനാഷണൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി നിലനിൽക്കുന്ന കൊച്ചി പോർട്ടിൽ നിന്നും ശരിയായ ടിക്കറ്റ് ഇല്ലാതെ ഒരാൾക്കും കപ്പലുകളിൽ കയറുവാൻ കഴിയുക ഇല്ല. ടിക്കറ്റ് എടുത്ത യാത്രക്കാർ സ്കാനിംഗ് സെന്റർ വഴി പല ലെവൽ പരിശോധനകൾ നടത്തിയാണ് കപ്പലിൽ എത്തുന്നത്. തുടർന്ന് കപ്പൽ അതിന്റെ കപ്പാസിറ്റിക്ക് അനുവദനീയ യാത്രക്കാരെ മാത്രം ആണോ കയറ്റിയിരിക്കുന്നത് എന്നും യാത്രക്കാർക്കും യാത്രക്കും വേണ്ടി ഉള്ള പ്രൊവിഷൻസ് കപ്പലിൽ ആവശ്യമായ നിലക്ക് ഉണ്ടോ എന്നും എം എം ടി സർവ്വേയർ പരിശോധനകൾ നടത്തി കപ്പൽ യാത്രക്ക് ഓക്കേ ആണെന്നു സർട്ടിഫൈ ചെയ്യുമ്പോൾ ആണ് ഓരോ യാത്രയും കൊച്ചിയിൽ നിന്നും ആരംഭിക്കുന്നത്..ഈ കപ്പാസിറ്റിയിൽ കപ്പലിൽ കയറുന്ന ഓരോ യാത്രക്കാരനും സീറ്റ്, ഓരോരുത്തരെയും ഉൾക്കൊള്ളാവുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ഇവയുടെ കണക്കുകൾക്കനുസരിച്ചു മുൻകൂട്ടി ഡിസൈൻ ചെയ്തു സാക്ഷ്യപ്പെടുത്തിയിരിക്കുന്ന കണക്കു പ്രകാരം മാത്രമേ യാത്രക്കാരെ അനുവദിക്കുവാൻ കഴിയുകയുള്ളു..
പണ്ട് കാലത്ത് നടന്ന ചില കപ്പൽ ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു തയ്യാറാക്കിയ ലോകത്തെ നാവിക ലോകം അംഗീകരിച്ച സേഫ്റ്റി ഓഫ് ലൈഫ് അറ്റ് സീ അഥവാ സോളാസ് എന്ന കൺവെൻഷൻ പ്രകാരവും അതിനു അനുബന്ധമായി വന്ന മറ്റു നിയമങ്ങളും കോഡും ഒക്കെ ആണ് കപ്പലിന്റെ ഇത്തരം കപ്പാസിറ്റി കണക്കുകൾക്കും മറ്റും ആധാരം.. ഇത്തരം നിയമങ്ങളെല്ലാം കപ്പലുകൾ പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തൽ ആണ് എം എം ഡി സർവ്വേയർമാർ ചെയ്യുന്നത്..
ഏതു കപ്പലിനും ജീവൻ രക്ഷാ ഉപകരണങ്ങൾക്കനുസരിച്ചുള്ള ആളുകളെ മാത്രമേ ഉൾകൊള്ളാവു..
ചില അടിയന്തിര ഘട്ടങ്ങളിൽ വ്യത്യാസം വരുമെങ്കിൽ കൂടി..
എന്നാൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കപ്പൽ അതിന്റെ ശേഷിക്കൊപ്പമുള്ള യാത്രക്കാരെയും കൊണ്ട് യാത്ര പുറപ്പെടുമ്പോൾ ദ്വീപുകളിലെ പ്രത്യേക സാഹചര്യത്തിൽ ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ ഇത്തരം മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുവാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങൾ ഉദാഹരണങ്ങൾ ആണ്..
യാത്രക്കാരുടെ ആവശ്യങ്ങളും ആധികളും ഒക്കെ അധികം ആവുമ്പോഴും അതിനു തക്ക യാത്ര സൗകര്യങ്ങളുടെ അഭാവം ചിലരെ എങ്കിലും ടിക്കറ്റ് കാര്യങ്ങളിൽ ഉള്ള അലംഭാവങ്ങളിൽ എത്തിക്കുന്നു.. മറ്റു ദ്വീപുകളിലേക്ക് ടിക്കറ്റ് എടുക്കുകയും കൊച്ചിയിൽ വന്നു ഇറങ്ങുകയും ചെയ്യുന്ന കാര്യങ്ങൾ മുമ്പ് സംഭവിച്ചിട്ടുമുണ്ട്..
വലിയൊരു ജനക്കൂട്ടം ന്യായമായ ആവശ്യങ്ങളുമായി വരുമ്പോൾ പരസ്പര സൗഹാർദ്ധങ്ങളുടെ അല്ലെങ്കിൽ മാനുഷിക പരിഗണനകളുടെ പേരിൽ ഉള്ള കണ്ണടക്കലുകൾ ഉണ്ടാവുമ്പോഴും ഗതാഗത നിയമങ്ങളിൽ വെള്ളം ചേർക്കാതിരിക്കുക എന്നതാണ് സുരക്ഷിതമായ യാത്രക്ക് ഉള്ള വഴി.. മറിച്ചു കെട്ടി കിടക്കുന്ന കപ്പലുകൾ സർവീസിൽ എത്തിക്കുവാൻ ഉള്ള സമ്മർദ്ദം ചെലുത്തിക്കൊണ്ടേ ഇരിക്കുക എന്ന ചുമതലയും ദ്വീപുകാർക്ക് മുകളിൽ ഉണ്ട്..
ഈ അടുത്ത് നടന്ന ചില പരിശോധനകളിൽ കപ്പാസിറ്റിയെക്കാൾ കൂടുതൽ യാത്രക്കാരെ കണ്ടെത്തി ഇറക്കി വിട്ട സംഭവങ്ങൾ ഉണ്ടാവുമ്പോൾ അധികാരികൾക്ക് മുമ്പിൽ ഉത്തരം പറയേണ്ടി വരുന്നത് കപ്പലിന്റെ ക്യാപ്റ്റനും മറ്റുമാണെന്ന യാഥാർഥ്യം മറന്നു കൂടാ..
സഹായങ്ങൾ ആർക്കും ഉപദ്രവങ്ങൾ ആയി കൂടെന്നാണല്ലോ..
ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രം യാത്ര ചെയ്യുക എന്നത് പ്രതിജ്ഞ ആയി സ്വീകരിക്കുകയും കൂടുതൽ യാത്രാ സംവിധാനങ്ങൾക്കുള്ള വഴികളും ഉണ്ടാകേണ്ടി ഇരിക്കുന്നു..
കഷ്ടപ്പെട്ട് കൊച്ചിയിൽ എത്തുമ്പോൾ തിരിച്ചു കൊച്ചിയിൽ നിന്നും കപ്പൽ കയറുവാൻ കഴിയാതെ ദിവസങ്ങളോളം ടിക്കറ്റിനായി മല്ലിട്ട് കയ്യിലെ പൈസയും തീർന്നു പട്ടിണിയിലേക്ക് പോലും വീഴുന്ന അവസ്ഥ ഇന്ന് കാണുവാൻ കഴിയുന്നുണ്ട്..
ഉള്ള കപ്പലുകൾ വെച്ചു യാത്ര ക്ലേശം തീർക്കുവാൻ പോർട്ട് പരമാവധി ശ്രമിച്ചു നോക്കുന്നുണ്ട്..
സമരങ്ങളുടെ ഫലമായി ഷോര്ട്ട് പ്രോഗ്രാം വെച്ചു പരമാവധി ആളുകൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതും ആധാർ /ഐ ഡി പരിശോധിച്ചുള്ള ടിക്കറ്റ് വിതരണവും എല്ലാം പുതുമ ഉള്ളതും ഒരു പരിധി വരെ സഹായകരവും ആണ്..
എന്നിരുന്നാലും ടിക്കറ്റ് റിലീസ് സമയത്ത് പല കൌണ്ടറുകളിൽ പല ഫോമുകളിൽ ആയി ഒന്നിലധികം ടിക്കറ്റ് ഒരേ ആളുടെ പേരുകളിൽ അടിക്കുകയും അധികം വരുന്ന ടിക്കറ്റ് എടുക്കാതിരിക്കുകയും എന്നാൽ ക്യു വിൽ പിറകെ ഉള്ള ആളുകൾക്ക് ടിക്കറ്റ് ഉണ്ടായിരിക്കെ ടിക്കറ്റ് കിട്ടാതെ വരുന്ന അവസ്ഥകൾ ഇന്നും തുടർന്നു വരുന്നുണ്ട്.. ടിക്കറ്റിന് വേണ്ടിയുള്ള താത്രപ്പാട് അവരെ രണ്ടും മൂന്നും ഫോമുകളിൽ പേരഴുതിപ്പിക്കുകയും നാഥനില്ലാത്ത ഫോമും ടിക്കറ്റും കൊണ്ട് പോർട്ട് അധികാരികൾ കാത്തിരിക്കേണ്ട അവസ്ഥ വരുന്നുണ്ട്.. ഇത്തരം കാര്യങ്ങളിൽ ഒരു ശ്രദ്ധ ജനങ്ങളുടെ ഭാഗത്തു നിന്നും കൂടെ ഉണ്ടാവണം..
ലക്ഷദ്വീപ് പോർട്ട് ഓരോ ലക്ഷദ്വീപുകാരനും ഓരോ ട്രാവൽ കാർഡ് /കോഡ് നൽകി അതിനെ റെഫർ ചെയ്ത് ടിക്കറ്റ് ലഭ്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
കട്ടപ്പുറത്തു ഉള്ള എം വി ലഗൂൺസ് ആണ് ഉടനെ സർവീസിൽ മടങ്ങി എത്തുവാൻ സാധ്യത ഉള്ള കപ്പൽ. ജൂൺ അവസാന വാരം എങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ.. കഴിഞ്ഞ ഒരു വർഷമായി സർവീസ് നടത്താത്ത എം വി ലക്ഷദ്വീപ് സീ യുടെ ലൈറ്റ് ഷിപ് സംബന്ധമായ സാങ്കേതിക കാര്യങ്ങൾക്കു പരിഹാരം ഉണ്ടാവുമ്പോൾ അതിനെയും പ്രതീക്ഷിക്കാം.. ഡിസംബർ മാസം അഗ്നി ബാധിച്ച കവരത്തി കപ്പൽ ജോലികൾ തീർത്തു എത്തുക ആണെങ്കിൽ ഈ മൺസൂണിൽ വലിയ ആശ്വാസം ഉണ്ടാകുമായിരുന്നു.. ശരിയായ നടപടികളും സമയബന്ധിത പ്രവർത്തനങ്ങളും കൊണ്ട് മുഴുവൻ കപ്പലുകളും ഓട്ടത്തിൽ തിരിച്ചെത്തട്ടെ..
വരുന്ന രണ്ടു മാസം യാത്രക്കാർ തികഞ്ഞ ജാഗ്രതയോടെയും കൃത്യമായ പ്ലാനിങ് ഓടെയും യാത്രകൾ സെറ്റ് ചെയ്യട്ടെ എന്നു പറയാം എങ്കിലും അത് അത്ര പ്രായോഗികമല്ല. എന്നാൽ ഒഴിവാക്കുവാൻ കഴിയുന്ന യാത്ര ഒഴിവാക്കുക തന്നെ വേണം.. ആഗസ്റ്റിനപ്പുറം ഹൈ സ്പീഡ് വെസ്സലുകൾ തിരിച്ചെത്തുമ്പോൾ ഇന്റർ ഐലൻഡ് യാത്രകൾ പഴയ രീതിയിൽ ആവും.. ലക്ഷദ്വീപുകാർ പ്രതീക്ഷ കൈ വെടിയാതെ തന്നെ പ്രതിസന്ധികളെ തരണം ചെയ്യുന്നുണ്ട്...
ഓരോ യാത്രകളും സുരക്ഷിതമാക്കാം..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ