ചെക്കി തോട്ടം..

               ((( കേ ഗ് )))

കവരത്തി ദ്വീപിലെ ഏറ്റവും വലിയ കാടുകളിൽ ഒന്ന് "ആയിരുന്നു'' ചെക്കിത്തോട്ടം. ആയിരുന്നു എന്ന പ്രയോഗം ബോധപൂർവ്വമാണ് ഉപയോഗിച്ചത്.
ദ്വീപുകാരന്റെ ശൈലിയിൽ ചെക്കിത്തോട്ടത്തെക്കുറിച്ച് പറയുകയാണെങ്കിൽ മുല്ലയും, ഞെളുകും, ബാകയും, ശാനയും, സാഹിബിന ഫുല്ലും, കാട്ട് ചേമ്പും, ചെക്കിത്തൈകളും നിറഞ്ഞ വിജനമായ കാട് .ഇടക്കിടക്ക് അത്തിമരവും, കൗങ്ങും, തെങ്ങും തലയുയർത്തി നിൽക്കുന്നു.കാട്ട് കോഴിയും അണ്ണൽ പക്ഷിയും, റണ്ടയും പറന്ന് രസിച്ചിരുന്ന ചെറിയൊരു ലോകം.
സൂര്യപ്രകാശം കടന്ന് ചെല്ലാൻ മടിച്ചിരുന്ന ഈ കാട്ട് പ്രദേശം ഇന്ന് കവരത്തി ക്കാരന്റെ ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു.
പണ്ട് വർഷകാലത്ത് മുട്ടോളം വെള്ളത്തിൽ പതുങ്ങി നിന്ന് ചെളി കുടിക്കാനെത്തുന്ന റണ്ടപ്പക്ഷിയെ പിടിക്കാൻ കെണിയൊരുക്കി രസിച്ചിരുന്ന കുസൃതിക്കാലം ഭൂതകാല ഓർമ്മയിൽ ഉണ്ട്.
ഈ അടുത്ത കാലത്ത് വഴി തെറ്റി വന്ന ഒരു മണ്ണുമാന്തിയന്ത്രം അതിന്റെ കൂർത്ത പല്ലുകൾ കൊണ്ട് ചെക്കിത്തോട്ടത്തിന്റെ ഒരറ്റത്തു നിന്ന് അവൻ തിന്നു തുടങ്ങി. അവന്റെ വിശപ്പ് മാറ്റാൻ  ചെടികളും മരങ്ങളും വേദനയോടെ ശിരസ്സ് കുനിച്ച് നിന്ന് കൊടുത്തു. മണ്ണുമാന്തിയന്ത്രത്തിന്റെ വിശപ്പ് ശമിച്ചപ്പോൾ ബാക്കിയായത് സസ്യ മരാതികളില്ലാത്ത ഒരു തരിശ് ഭൂമി മാത്രം. മനുഷ്യനെന്ന സ്വാർത്തന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ കാട്ടിലെ പറവകളും ചിറകിട്ടടിച്ച് എങ്ങോ പറന്നകന്നു.
മണ്ണുമാന്തിയന്ത്രം മൃഷ്ടാനഭോജനം കഴിഞ്ഞ് ഒരു കോണിൽ വിശ്രമത്തിലാണ്.
കരാറ് കാരനും കാവൽ പടകളും ആയുധങ്ങളുമായി ആ രണഭൂമിയിലേക്കിറങ്ങി.ആ ഭൂമി നിറയെ കൃത്യതയോട് കൂടി ചരട് വലിച്ച് കെട്ടി അവർ ജോലിയിൽ മുഴുകി. പണി പുരോഗമിച്ചപ്പോൾ ഭൂമിക്ക് ചുറ്റും വലിയ വലിയ ഗർത്തങ്ങൾ രൂപാന്തരപ്പെട്ടു. താഴ്ന്ന പ്രദേശമായതിനാൽ ആ കുഴികളിൽ വെള്ളം നിറഞ്ഞിരുന്നു. തടസ്സം നേരിടാതിരിക്കാൻ പമ്പ് കൊണ്ട് ജലനിരപ്പ് നിയന്ത്രിക്കാനും അവർ മറന്നില്ല.കെട്ടിയൊരുക്കിയ കമ്പികൾ കുഴിയിലേക്കിറക്കി കോൺക്രീറ്റ് കോണ്ട് ബലമായി അവ ഉറപ്പിച്ച് നിർത്തി. ഇന്ന് ആ ഭൂമി നിറയെ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞു.
ദ്വീപുകാരന്റെ മക്കളെ പെരുന്തച്ഛൻമാരും ന്യൂട്ടൻമാരുമാക്കാനുള്ള പരിശീലന കേന്ദ്രമാണത്രേ അത്.

പ്രകൃതിക്ക് ഒരു നിയമമുണ്ട് അത് അറിഞ്ഞോ അറിയാതെയോ നാം ലംഘിക്കുമ്പോൾ പ്രകൃതി പതിയെ പതിയെ പ്രതികരിച്ച് തുടങ്ങും. പണ്ട് മഴക്കാലങ്ങളിൽ മുറ്റം നിറയെ മഴവെള്ളം കൊണ്ട് നിറയുമ്പോൾ കപ്പലും ബോട്ടു മുണ്ടാക്കി കളിച്ചവർ നമ്മളിൽ പലരുമുണ്ടാവാം. എന്നാൽ ഈ അടുത്ത കാലത്ത് വർഷകാലത്തെ മഴ ലഭ്യതയെക്കുറിച്ച് ചിന്തിച്ച് നോക്കിയാൽ ഒരു കാര്യം ബോധ്യമാവും മഴ ലഭ്യത താരതമ്യേന കുറഞ്ഞിരിക്കുന്നു എന്ന സത്യം. കവരത്തിയിലെ കഠിനമായ ചൂടിന് പ്രധാന കാരണവും കാട് പ്രദേശത്തെക്കുള്ള മനുഷ്യന്റെ അധിനിവേഷമായിരിക്കാം എന്ന് ഞാൻ മനസിലാക്കുന്നു.

വരും തലമുറ കഴിവ് തെളിയിക്കേണ്ടവർ തന്നെയാണ്. അവരിലൂടെ നാം അറിയപ്പെടുകയും വേണം. പക്ഷേ ഈ നേട്ടങ്ങൾക്ക് വേണ്ടി പ്രകൃതിയുടെ അതിരുകളിലേക്ക് അതിക്രമിച്ച് കടക്കുന്നതും അതിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതും ധിക്കാരം തന്നെയാണ്. ഭൂമിക്ക് വെറുമൊരു അലങ്കാരം മാത്രമല്ല ഈ കാടും, മലയും, പുഴകളും മറ്റ് ജീവജാലങ്ങളും. മനുഷ്യനെന്ന സൃഷ്ടിയുടെ ജീവിത ചക്രത്തിന് ഇതൊക്കെയും അനിവാര്യമാണ്. ഭൂമിയെ ഇത്ര മനോഹരമാക്കി അലങ്കരിച്ച സൃഷ്ടാവിന് ഇതൊന്നുമില്ലാത്ത തരിശ് ഭൂമിയായി സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ലേ ?

പ്രകൃതിയുടെ സ്വഭാവ രീതിയിൽ പ്രകടമായ ഈ മാറ്റത്തെ അധിജീവിക്കാൻ നാം നശിപ്പിച്ചു കളഞ്ഞ പലതിനേയും നമ്മൾ തന്നെ പുനസൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്നു കൂടി പറയുവാൻ ആഗ്രഹിക്കുന്നു.

               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്