തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്

അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ ആണ് സമരങ്ങൾ ഉണ്ടാവുന്നത്.
വിയോജിക്കാനും വിമർശിക്കാനും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനും ഒക്കെ അവകാശം ഉള്ള മഹത്തായ ഭരണ ഘടന നില നിൽക്കുന്ന രാജ്യത്തു നിന്നു കൊണ്ട് വീണ്ടും വീണ്ടും പ്രതിഷേധിക്കാൻ ഉള്ള അവകാശത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടി വരുന്ന ചെറു ദ്വീപ് സമൂഹം അക്ഷരാർത്ഥത്തിൽ നിസ്സഹായതയിലും നിരാശയിലും അകപ്പെട്ടിരിക്കുകയാണ്.
അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് കേവലം കക്ഷികൾക്കോ വ്യക്തികൾക്കോ അല്ല, മറിച്ചു ജനാധിപത്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ജനങ്ങൾക്ക് തന്നെയാണ്.
ജനാധിപത്യ രാജ്യത്തു വികസനം എന്നു പറയുന്നത് വെറും സ്പൂൺ ഫീഡിങ് മാത്രമല്ലെന്നു ഭരണകൂടം മനസ്സിലാക്കണം. പതിനഞ്ച് മാസമായി ലക്ഷദ്വീപ് ജനങ്ങൾ അനുഭവിക്കുന്നത് ജനാധിപത്യ അവകാശങ്ങളെ കണക്കിലെടുക്കാത്ത ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളിൽ തൃപ്തി ഉണ്ടാക്കാത്ത ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ തന്നെ ആണെന്നതിനു നിലക്കാതെ ഉയർന്നു വരുന്ന ശീതമോ ഉഷ്ണമോ ഒക്കെ വിളിക്കാവുന്ന സമരങ്ങൾ തന്നെ ആണ് തെളിവ്.
അവിടെ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളിൽ നിന്നും പോലും ഭരണത്തിനും ഭരണക്കാർക്കും എതിരെ വരുന്ന നിർദോഷമെന്നു കരുതി കണ്ണടക്കാവുന്ന നാട്ടുഭാഷ പ്രയോഗങ്ങൾ പോലും വെല്ലുവിളിയായി കണക്കാക്കി ശത്രുവിനോടെന്ന പോൽ പെരുമാറുന്ന നടപടികൾ ജനാധിപത്യ രാജ്യത്തെ സമാധാനത്തിന്റെ ചെറു തുരുത്തുകളിൽ ആശങ്കയുടെ തിരമാലകൾ തന്നെ സൃഷ്ടിക്കുന്നുണ്ട്.
ഇങ്ങിനെ ആണോ ജനങ്ങളെ നേരിടേണ്ടത്. സദ് ഭരണവും ക്ഷേമവും ഒക്കെ ആഗ്രഹിക്കുന്ന അന്നന്നത്തെ അന്നം തേടുന്ന മുഴുവൻ സർക്കാർ സംവിധാനങ്ങളെയും ആദരവോടെ കാണുന്ന വിദ്യാഭ്യാസം നേടി ഉന്നതിയിൽ എത്താൻ ശ്രമിക്കുന്ന സാക്ഷരരും സമാധാന പ്രിയരും അഹിംസാവാദികളും കഠിനധ്വാനികളും നിഷ്കളങ്കരും ഒക്കെ ആയ വെറും പാവങ്ങൾ ആയ ദ്വീപ് ജനങ്ങൾ അർഹിക്കാത്തതും ആഗ്രഹിക്കാത്തതും ആയ നടപടികൾ ദിവസം തോറും എന്ന നിലയിൽ പരിഷ്കാര നടപടികൾ ആയി കഴിഞ്ഞ പതിനഞ്ചോളം മാസങ്ങൾ ആയി അനുഭവിക്കേണ്ടി വരുമ്പോൾ പകച്ചും അറച്ചും നിന്നു പോവുകയാണ്.. ഈ ചെറിയ ദ്വീപുകളിലെ ചെറിയ ജനസംഖ്യയിൽ അവരുടെ പാടുമായി ജീവിക്കുന്ന പട്ടിക വർഗ്ഗ വിഭാഗക്കാരുടെ ഇടയിൽ അവരുടെ ചിന്തകൾക്കും അനുഭവങ്ങൾക്കും ഒക്കെ ഉള്ള നടപടികൾ അനുസ്യൂതം കടന്നു വരുമ്പോൾ കുറഞ്ഞ പക്ഷം ജനങ്ങളെ ബോധ വത്കരിക്കുവാൻ എങ്കിലും കഴിയണമായിരുന്നു.
എന്നാൽ മഹാമാരിയുടെ പേരിലുള്ള നിയന്ത്രണങ്ങൾ കൊണ്ടും നിരോധനാജ്ഞകൾ കൊണ്ടും അറസ്റ്റുകൾ കൊണ്ടുമൊക്ക ജനങ്ങളിൽ മനഃശാസ്ത്രപരമായ ഭയം സൃഷ്ടിച്ചു ഭരണകൂടത്തിന് എതിരെ വരാവുന്ന സകല പ്രതിഷേധങ്ങളെയും മുളയിലേ തന്നെ നുള്ളി കളഞ്ഞു കൊണ്ട് മുമ്പോട്ട് പോവുമ്പോൾ തോറ്റു പോവുന്നത് ഇവിടെ ഉണ്ടെന്നു കരുതുന്ന മഹത്തായ ജനാധിപത്യവും ജനങ്ങളും തന്നെ ആണ്. ജനങ്ങളെ തോൽപ്പിച്ചു കൊണ്ടുള്ള ചിരി ഒരു കാലത്തും ഒരു ഭരണാധികാരിക്കും ഗുണം ചെയ്തിട്ടില്ല.. കേന്ദ്രം നേരിട്ട് ഭരിക്കുന്ന ഉദ്യോഗസ്ഥർ ഭരണം നിയന്ത്രിക്കുന്ന ചെറിയ പ്രദേശത്തെ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ റോളുകൾ പോലും നിരാകരിക്കപ്പെടുന്ന സമാധാന പ്രതിഷേധങ്ങളെ പോലും കലാപം ഉണ്ടാകുമെന്നു കരുതി മുൻ‌കൂട്ടി മുൻവിധിയോടെ നിരോധനാജ്ഞകൾ വഴി തടയപ്പെടുന്ന പലരുടെയും വായ പോലും തുറക്കുവാൻ കഴിയാത്ത കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് എന്ത് ലാഭം ആണ് ഉദ്ദേശിക്കുന്നത്?
എന്നും എപ്പോഴും ഭരണകൂട നയങ്ങളോട് ചേർന്ന് നിൽക്കുന്ന വികസനം സ്വാഗതം ചെയ്യുന്ന നിയമങ്ങളെ അനുസരിക്കുന്ന ലക്ഷദ്വീപ് കാരുടെ നീതിയെ തേടിയുള്ള ശബ്ദങ്ങൾ അവഗണിച്ചു കൂടാ.. പ്ലകാർഡും ഓലമടലും സോഷ്യൽ മീഡിയയും വിഷ്വൽ മീഡിയയും ഒക്കെ ഉപയോഗിച്ചുള്ള സമരങ്ങളിൽ നിന്നും ചെറു കൂട്ടങ്ങളായി വിവിധ കക്ഷികളായി തുടർന്ന് പോരുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇന്ന് ഒരു പടി കൂടെ കടന്നു മുഴുവൻ ദ്വീപുകളിൽ നിന്നും ഒത്തു കൂടിയവർ ഒരുമിച്ചൊരു സമരത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ട് മുമ്പുണ്ടായ നിയന്ത്രണങ്ങളാൽ സമരത്തെ തടഞ്ഞു നിർത്തുവാൻ ഒരു പക്ഷെ സാധിച്ചിട്ടുണ്ടാവും. അതിൽ വിജയിച്ചിട്ടുമുണ്ടാവും. എന്നാൽ ജനങ്ങൾ അസ്വസ്ഥർ ആണെന്നെങ്കിലും മനസ്സിലാക്കേണ്ടി ഇരിക്കുന്നു. ജനങ്ങളുടെ മനസ്സ് നേടാതെ വിജയിക്കുവാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ല. അല്ലാതെ കരുതുന്ന വിജയം മിഥ്യ മാത്രമാണ്. തല കുനിക്കുവാൻ കൂട്ടാക്കാത്ത ജനത നീതിക്കും സത്യത്തിനും വേണ്ടി നിരന്തരം കലഹിച്ചു കൊണ്ടിരിക്കും.
അപൂർവങ്ങളിൽ അപൂർവ്വമായ ഈ ചെറു ദ്വീപുകളും ദ്വീപിലെ ജനങ്ങളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എന്ന് ഏറെ ആഗ്രഹിക്കേണ്ടത് ഭരണകൂടം തന്നെ ആണ്. അവരുടെ ക്ഷേമവും അവരുടെ അവകാശങ്ങളും സംരക്ഷിച്ചു പിടിച്ചു കൊണ്ട് മുന്നോട്ട് പോവണം.. അങ്ങനെ ജനങ്ങളും ജനാധിപത്യവും ഒപ്പം ഭരണകൂടവും ഒരുമിച്ചുള്ള സമാധാനത്തിനു നാം സാക്ഷ്യം വഹിക്കണം. അത് തന്നെ ആവണം വിജയവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...